മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ റോഡ് മാഫിയയുടെ ചൊല്‍പ്പടിയിലെന്ന് വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടന ആരോപിച്ചു

294

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ റോഡ് മാഫിയയുടെ ചൊല്‍പ്പടിയിലെന്ന് വകുപ്പിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടന ആരോപിച്ചു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിപ്പര്‍, ലോറി, സ്വകാര്യ ബസ് മാഫിയയാണ് വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും മാഫിയയ്ക്കു വേണ്ടി ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതിനെതിരേ സമരമാരംഭിക്കുമെന്നും ജനറല്‍ സെക്രട്ടറി ജെബി എ. ചെറിയാന്‍ പറഞ്ഞു.
മതിയായ രേഖകളില്ലാതെയും നികുതി അടയ്ക്കാതെയും ഓവര്‍ലോഡ് കയറ്റിയും അമിതവേഗത്തിലും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്, ടിപ്പര്‍ ഉടമകള്‍ സെക്രട്ടേറിയറ്റിലേയും ഗതാഗത കമ്മിഷണറേറ്റിലെയും ചില ഉദ്യോഗസ്ഥരും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ട്.ഭീഷണിക്കു വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുപ്പിക്കുന്നു. രണ്ടു കോടിയോളം രൂപ പിഴയിനത്തില്‍ ഈടാക്കിയ പെരുന്പാവൂര്‍ ജോയിന്‍റ് ആര്‍.ടി.ഒ. ഷാജി മാധവനെ സസ്പെന്‍ഡ് ചെയ്യിപ്പിച്ചത് ഉദാഹരണം. അണ്ടര്‍ സെക്രട്ടറിയായി വന്ന് പടിപടിയായി അഡീഷണല്‍ സെക്രട്ടറി വരെയായ, ഗതാഗത വകുപ്പില്‍മാത്രം തുടരുന്ന ഒരു ഉദ്യോഗസ്ഥനാണ് മാഫിയയെ സഹായിക്കുന്നത്. വിവിധ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ ഉദ്യോഗസ്ഥനും ഗതാഗത കമ്മിഷണറേറ്റിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കും എതിരേ വിജിലന്‍സ് ദ്രുതപരിശോധന നടക്കുകയാണ്. ഇത് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന തെറ്റിദ്ധാരണയിലാണു പ്രതികാര നടപടികള്‍. അസോസിയേഷന്‍ നേതാക്കളെ സസ്പെന്‍ഡ് ചെയ്തതില്‍ ഇന്നു പ്രതിഷേധ ദിനം ആചരിക്കും. താലൂക്ക് ആസ്ഥാനങ്ങളില്‍ വാഹന ജാഥ നടത്തും. ശബരിമല സേഫ് സോണില്‍അധിക ജോലി ഏറ്റെടുക്കില്ല. ഡ്യൂട്ടി സമയം കഴിഞ്ഞും വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന സുരക്ഷാ ബോധവത്കരണ പരിപാടികളും നിര്‍ത്തിവയ്ക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ചട്ടപ്പടി മാത്രം ജോലി ചെയ്യാനാണു തീരുമാനം.

NO COMMENTS

LEAVE A REPLY