റങ്കൂണ്‍ : 116 പേരുമായി കാണാതായ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വിമാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനും യാത്രക്കാരെ രക്ഷിക്കാനുമായി കപ്പലുകളും മറ്റ് യുദ്ധവിമാനങ്ങളും ആന്‍ഡമാന്‍ കടലിടുക്ക് കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35ഓടെയാണ് തെക്കന്‍ നഗരമായ മയേകിനും തലസ്ഥാനമായ റങ്കൂണിനും ഇടയില്‍ വച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ദവേയ് പട്ടണത്തില്‍ നിന്ന് 20 മൈല്‍ അകലെവച്ച് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.