കൊച്ചി: ഐ.എസ്. പരിശീലനം നേടിയ സുബ്ഹാനി ഹാജാ മൊയ്തീനെ കൂടാതെ കൂടുതല്‍ മലയാളികള്‍ തീവ്രവാദ പരിശീലനം നേടിയിട്ടുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). സംശയകരമായ സാഹചര്യത്തില്‍ തുര്‍ക്കിയിലും ഇറാഖിലും സിറിയയിലും സന്ദര്‍ശനം നടത്തിയ നാലു പേരെ എന്‍.ഐ.എ. ഇന്നലെ ചോദ്യം ചെയ്തു. 2014-15 കാലയളവില്‍ നിരവധിപേര്‍ ഐ.എസില്‍ ചേര്‍ന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുബ്ഹാനിയില്‍നിന്നു ലഭിച്ച വിവരങ്ങള്‍ സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. കസ്റ്റഡിയിലുള്ള നാലുപേരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഡിവൈ.എസ്.പി: ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ സുബ്ഹാനിയെ തെളിവെടുപ്പിനായി ഇന്നലെ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി.
റോഡ് മാര്‍ഗമാണ് യാത്ര. ഇയാളെ കോയന്പത്തൂര്‍, ചെന്നൈ, ശിവകാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും. തിരുനെല്‍വേലിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ടാബ്ലറ്റും മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനക്കായി സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കന്പ്യൂട്ടിങ്ങില്‍ (സി-ഡാക്) അയയ്ക്കും. എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ തൊണ്ടി സാധനങ്ങള്‍ പരിശോധനക്കായി അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവ ഇന്നു സി -ഡാക്കിനെ ഏല്‍പിക്കും.
2015 ഏപ്രില്‍ എട്ടിനാണു സുബ്ഹാനി തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്. ഉംറയ്ക്ക് പോകുന്നുവെന്നാണു വീട്ടുകാരോടു പറഞ്ഞത്. ചെന്നൈയില്‍നിന്നു സന്ദര്‍ശകവിസയില്‍ ഇസ്താംബൂളിലേക്കു പോയ ഇയാള്‍ അവിടെനിന്നു പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ക്കൊപ്പം മൊസൂളിലേക്കു പോയി ഐ.എസില്‍ ചേര്‍ന്നു. ഇവിടെ ഇസ്ലാമിക ഭരണക്രമത്തെക്കുറിച്ച് പഠിച്ചു. രണ്ടു മാസത്തെ ആയുധ പരിശീലനത്തിനു ശേഷം രണ്ടാഴ്ച യുദ്ധമുഖത്തും പ്രവര്‍ത്തിച്ചു. ഐ.എസ്. നിയന്ത്രണത്തിലുള്ള മൊസൂളില്‍ സുരക്ഷാ ചുമതലയായിരുന്നു സുബ്ഹാനിക്ക്. ഇക്കാലയളവില്‍ മാസം നൂറു ഡോളര്‍ പ്രതിഫലവും പറ്റി. എന്നാല്‍, ഐ.എസിന്‍റെ അക്രമത്തിലും മൊസൂളിലെ യുദ്ധക്കെടുതികളിലും മനംമടുത്ത സുബ്ഹാനി സംഘടന വിടാന്‍ തീരുമാനിച്ചു. ഷെല്ലാക്രമണത്തില്‍ രണ്ടു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതു നേരിട്ട് കണ്ടതും മനംമാറ്റത്തിനിടയാക്കി.
ഇക്കാര്യം ഐ.എസ്. നേതൃത്വത്തെ അറിയിച്ചപ്പോള്‍ തടവറയിലെത്തിച്ച് കൊടുംപീഡനത്തിനിരയാക്കി. മനംമാറിയ ഏതാനും വിദേശികളും തടവിലുണ്ടായിരുന്നു. തുടര്‍ന്ന് അഞ്ചു വിദേശി തീവ്രവാദികള്‍ക്കൊപ്പം സുബ്ഹാനിയേയും സിറിയയിലെ റാക്കയിലേക്ക് അയച്ചു. എന്നാല്‍, ഇവരെ വിട്ടയക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നിയമ വിരുദ്ധമായി ഇസ്താംബൂളില്‍ രണ്ടാഴ്ച തങ്ങിയ സുബ്ഹാനി, നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. വിവരം അറിയിച്ചപ്പോള്‍ വിമാന ടിക്കറ്റിനുള്ള പണം കുടുംബം അയച്ചു കൊടുത്തു. തുര്‍ക്കി പോലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22ന് നാട്ടില്‍ തിരിച്ചെത്തി. കടയനല്ലൂരിലെത്തി ഭാര്യയ്ക്കൊപ്പം താമസമാക്കി. ഇതിനിടെ, അവിടെത്തന്നെയുള്ള ജ്വല്ലറിയില്‍ സെയില്‍സ്മാനുമായി. എന്നാല്‍, ഐ.എസ്. പ്രവര്‍ത്തനം നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ലെന്നു എന്‍.ഐ.എ. പറയുന്നു. നവമാധ്യമങ്ങള്‍ വഴി ഐ.എസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും മുന്‍കൈയെടുത്തു. സംസ്ഥാനത്തടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനായിരുന്നു
പദ്ധതി. തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്താനായി സുബ്ഹാനി കോയന്പത്തൂരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചു. ചെന്നൈ, കോയന്പത്തൂര്‍ എന്നിവിടങ്ങളിലെ ഐ.എസ്. പ്രവര്‍ത്തകരുമായി സന്പര്‍ക്കം പുലര്‍ത്തി.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം, ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ശേഖരിക്കാനായിരുന്നു ഇയാളുടെ യാത്രകളെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.