കൊച്ചി • രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മലയാളി യുവാക്കള്‍ ശേഖരിച്ച സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശ്രമം തുടങ്ങി. കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളും അവര്‍ക്കു സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന മൊഴിയാണു നല്‍കിയത്.സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചു വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട സുബഹാനിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നു സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെന്നു സുബഹാനി മൊഴി നല്‍കി. എന്നാല്‍, വാങ്ങാന്‍ കഴിഞ്ഞില്ലെന്ന നിലപാടിലാണ് ഇയാള്‍. കേരളത്തില്‍ 12 ഇടങ്ങളില്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി അന്വേഷണത്തില്‍ വ്യക്തമായി.സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രതികളുടെ ആവര്‍ത്തിച്ചുള്ള മൊഴി അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ആക്രമണ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ പ്രതികള്‍ക്കു ലഭിച്ചതായി പറയുന്ന തുകയുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സ്ഫോടക വസ്തു വാങ്ങാന്‍ 20,000 രൂപ ലഭിച്ചെന്ന മൊഴികളും വിശ്വസനീയമല്ല. രാജ്യാന്തര ബന്ധമുള്ള ഭീകരസംഘടനയില്‍ നിന്നു പ്രതികള്‍ക്കു കൂടുതല്‍ തുക ലഭിച്ചതായാണു സൂചന.