നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതികള്‍ക്ക് 91.84 കോടിരൂപ

99

കാസര്‍കോട് : നബാര്‍ഡ്-ആര്‍ഐഡിഎഫ് അധിഷ്ഠിത എന്‍ഡോസള്‍ഫാന്‍ പദ്ധതികള്‍ക്കായി 2013 മുതല്‍ 2018 വരെ 91.84 കോടി രൂപയാണ് ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സാമൂഹിക സേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 232 പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ കീഴില്‍ 184 പദ്ധതികളും ജല അതോറിറ്റിയുടെ കീഴില്‍ 48 പദ്ധതികളുമാണ് നടപ്പിലാക്കുന്നത്.

എന്‍മകജെ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണം സ്ഥലം ദൗര്‍ബല്യം മൂലം നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതിയില്‍ നിന്നും ഉപേക്ഷിച്ചെങ്കിലും പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് കാസര്‍കോട് വികസന പാക്കേജില്‍ നിന്നും രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. 6728 ദുരിതബാധിതരാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്ളത്. കിടപ്പ് രോഗികള്‍ 371, 1499 ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, 1189 ഭിന്നശേഷിക്കാര്‍, 699 അര്‍ബുദരോഗികള്‍, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരം തിരിച്ചിട്ടുള്ളത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണണെന്ന സുപ്രീം കോടതി വിധി പൂര്‍ണമായി നടപ്പാക്കുന്നതിനായി ഇനിയും 201.06 കോടി രൂപ ആവശ്യമുണ്ട്. 102 കിടപ്പുരോഗികള്‍ക്ക് 5 ലക്ഷം നല്‍കുന്നതിന് 5.10 കോടിരൂപയും, 326 ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം നല്‍കുന്നതിന് 16.30 കോടി രൂപയും, 988 ഭിന്നശേഷിക്കാര്‍ക്ക് 2 ലക്ഷം നല്‍കുന്നതിന് 19.76 കോടിയും, 580 അര്‍ബുദരോഗികള്‍ക്ക് 2 ലക്ഷം നല്‍കുന്നതിന് 1.16 കോടിയും, മറ്റുള്ള 2966 പേര്‍ക്ക് 5 ലക്ഷം നല്‍കുന്നതിന് 148.30 കോടി രൂപയുമാണ് ഇനി നല്‍കാനുള്ളത്.

NO COMMENTS