നാഭ ജയില്‍ ആക്രമണം : ജയില്‍ ഡി.ജി.പിയെ സസ്പെന്‍ഡ് ചെയ്തു

158

അമൃത്സര്‍: പഞ്ചാബിലെ നാഭയില്‍ ജയില്‍ ആക്രമിച്ച്‌ ഖാലിസ്ഥാന്‍ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ആയുധധാരികള്‍ മോചിപ്പിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പിയെ സസ്പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. അതീവ സുരക്ഷയുള്ള ജയിലില്‍ നടന്ന ആക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു. സംഭവത്തെപ്പറ്റി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ജയില്‍ ആക്രമണത്തെ തുടര്‍ന്ന് പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലും സെക്യൂരിറ്റി പോസ്റ്റുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. ഇരുപത് അംഗ സംഘമാണ് ജയിലില്‍ ആക്രമണം നടത്തിയത്. പോലീസ് യൂണിഫോമില്‍ എത്തിയ സംഘം തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 8.30ന് ആണ് ആക്രമണം നടന്നത്. ഖാലിസ്ഥാന്‍ നേതാവ് ഹര്‍മീന്ദര്‍ മിന്‍റു അടക്കം അഞ്ച് പേരാണ് ജയിലില്‍ നിന്ന് രക്ഷപെട്ടത്.

NO COMMENTS

LEAVE A REPLY