സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു. വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവിൽ വന്നു. ലാബുൾപ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി. ഇതോടെ ഇവിടങ്ങളിൽ നല്ല തോതിൽ ആളുകൾ ചികിത്‌സയ്‌ക്കെത്തുന്നു. വിദഗ്ധ ചികിത്‌സ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നൽകാൻ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകത.
ആലപ്പുഴ ജില്ലയിലെ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറിശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപൈനാട് എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്. ഇതിൽ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം വി. പി. എസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് ഏറ്റെടുത്തത്. പൂർണമായും പരിസ്ഥിതി സൗഹൃദമായാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.
28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കുകയാണ്. രണ്ടരകോടി രൂപ ചെലവിലാണ് ഇവ ഒരുക്കിയത്. സംസ്ഥാനത്തെ 1603 ആരോഗ്യ സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളായി നേരത്തെ ഉയർത്തിയിരുന്നു. ഇവിടങ്ങളിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഇതോടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികളും ആരംഭിക്കുകയാണ്. ഗർഭിണികളായ ആദിവാസി സ്ത്രീകൾക്ക് കുടുംബസമേതം താമസിച്ച് പ്രസവ ശുശ്രൂഷ തേടാൻ കഴിയുന്ന കേന്ദ്രങ്ങൾക്കും തുടക്കമായി. 6,14, 000 രൂപ ചെലവിലാണ് ബത്തേരിയിലും വൈത്തിരിയിലും ആന്റി നാറ്റൽ ട്രൈബൽ ഹോമുകൾ തുടങ്ങുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടിയിൽ ടിബി കേന്ദ്രവും ആരംഭിക്കുകയാണ്. ആദിവാസി സമൂഹത്തോടുള്ള സർക്കാരിന്റെ കരുതൽ വെളിവാക്കുന്ന പദ്ധതികളാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ 72 ലക്ഷം രൂപ ചെലവിൽ ജില്ല ടിബി ആന്റ് എയ്ഡ്‌സ് കൺട്രോൾ സെന്ററിന്റെ ഓഫീസ്, കയ്പമംഗലത്ത് സ്ത്രീകൾക്ക് മാത്രമായി സി. എഫ്. എൽ. ടി. സി എന്നിവയും പദ്ധതികളിൽപെടുന്നു.
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 25 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം, പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ, തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഐ. സി. യു, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, പീരുമേട് താലൂക്ക് ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യ ഘട്ട ഇ ഹെൽത്ത് പദ്ധതി, അടൂർ ജനറൽ ആശുപത്രിയിൽ 21 ലക്ഷം രൂപ ചെലവിൽ സജ്ജമാക്കിയ എസ്. എൻ. സി സ്‌പെഷ്യൽ ന്യൂറോ കെയർ യൂണിറ്റ്, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ഒന്നേകാൽ കോടി രൂപ ചെലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, 60 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച കോട്ടയം ജില്ലാ നഴ്‌സിങ് സ്‌കൂളിലെ സ്‌കിൽ ലാബ്, പത്തു ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
1.75 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഒ. പി ബ്‌ളോക്കിന്റെ ശിലാസ്ഥാപനവും നാലു കോടി ചെലവിൽ നിർമിക്കുന്ന എറണാകുളം ഇടപ്പള്ളി റീജ്യണൽ വാക്‌സിൻ സ്‌റ്റോറിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അടുത്ത അഞ്ച് വർഷം കൊണ്ട് ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിന് പരിശ്രമം നടത്തുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.