ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷിക്കും

236

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഏഴുമാസം മുമ്ബാണ് ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. എബിവിപി പ്രവര്‍ത്തകരും അഹമ്മദും തമ്മില്‍ തര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു സംഭവം. ഡിഐജി റാങ്കില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ വേണം സിബിഐ അന്വേഷണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജിഎസ് സിസ്താനിയും രേഖ പല്ലിയും അധ്യക്ഷരായ ഡിവിഷന്‍ ബെഞ്ചാണ് അടിയന്തരമായി കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ദില്ലി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഇതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ദില്ലി പോലീസാണ് കേസ് അന്വേഷിച്ചുവന്നിരുന്നത്. ഇന്ത്യയൊട്ടാകെ അന്വേഷണം നടത്തിയെങ്കിലും പോലീസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ദില്ലിപോലീസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY