ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ഭാര്യ അഡ്വ. നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദ ചിട്ടി കമ്ബനിയില്‍നിന്ന് 1.4 കോടി രൂപ നളിനി കൈപ്പറ്റിയതായി സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കമ്ബനി ഉടമ സുദീപ്ത സെന്നുമായി ചേര്‍ന്ന് നളിനി ചിദംബരം തട്ടിപ്പ് നടത്താനും ഫണ്ടുകള്‍ അപഹരിക്കാനുമായി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നു കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിംഗിന്റെ മുന്‍ ഭാര്യ മനോരഞ്ജന്‍ സിംഗാണ് നളിനിയെ സുദീപ്ത സെന്നിനു പിരിചയപ്പെടുത്തിയത്. അന്വേഷണ ഏജന്‍സികളായ എസ്ഇബിഐ (സെബി), രജിസ്ട്രാര്‍ ഓഫ് കമ്ബനിസ് (ആര്‍ഒസി) തുടങ്ങിയവയുടെ അന്വേഷണങ്ങളില്‍നിന്നും രക്ഷപെടുത്തുന്നതിന് നളിനി ചിദംബരം 1.4 കോടി രൂപ വാങ്ങി. 2010-12 കാലയളവിലാണ് പണം കൈപ്പറ്റിയത്- കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. കോല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മനോരഞ്ജന്‍ സിംഗിന്റെ നിയമോപദേശകയായി നളിനി ചിദംബരം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.