തിരുവനന്തപുരം: അഡീ.ചീഫ് സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം വിജിലന്‍സ് കോടതിലെത്തിയ ഹര്‍ജിയിന്‍മേല്‍ 27 ന് നിലപാട് അറിയിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി നടത്തിയെന്നാണ് നളിനി നെറ്റോയ്ക്ക്മേല്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് മരവിപ്പിച്ചു, സിവില്‍സര്‍വീസ് ബോര്‍ഡ് രൂപികരിച്ച് ഡിജിപിയെ മാറ്റി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി സതീഷ് വസന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വജനപക്ഷപാതപരമായ തീരുമാനങ്ങളാണ് നളിനി നെറ്റോ സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവുമുണ്ട്. പുറ്റിങ്ങല്‍ സംഭവം, ജിഷ വധം എന്നീ കേസുകളില്‍ സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.