ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിംഗ് കോളജിന്റെ പേര് മാറ്റി മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു പിന്നാലെയാണു നടപടി.എസ്എന്‍ഡിപി മാവേലിക്കര യൂണിയന് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവാണ് പേര് മാറ്റിയത്.
കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന് കോളജ് ഓഫ് എഞ്ചിനിയറിംഗ് കോളജിനെ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണു പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. സുഭാഷ് വാസുവിനു ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡാണ് കോളജിന്‍േറത്. വെള്ളാപ്പള്ളിയുടെ എതിര് ചേരിയിലുള്ള ഗോകുലം ഗോപാലനെ കോളജിന്റെ ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളജിന്റെ ചെയര്മാന്. അഞ്ചു കോടി രൂപ ഗോകുലം ഗോപാലന് കോളജ് ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിട്ടുണ്ടെന്നാണു സൂചന.
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പളളി നടേശന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ടു പേരും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണു സുഭാഷ് വാസുവെന്നാണ് തുഷാര്‍ പറഞ്ഞത്.