ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ടെലിവിഷൻ ചാനൽ പ്രവർത്തിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നമോ ടിവി പ്രക്ഷേപണം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തോട് വിവരങ്ങൾ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്ന നമോ ടിവി, ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷേപണം ആരംഭിച്ചത്. ഡിടിഎച്ച്, കേബിൾ ശൃംഖലകളിൽ ചാനൽ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവിക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെ പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയുള്ള ചാനൽ പ്രവർത്തിക്കുന്നതിന് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും എഎപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാർ എന്ന പരിപാടി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ദൂരദർശനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്യുകവഴി ബിജെപി ദൂരദർശനെ ദുരുപയോഗിച്ചതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.