ന്യൂഡൽഹി : ഛത്തിസ്ഗഡിൽ സിആർപിഎഫ് ജവാൻമാരെ മാവോയിസ്റ്റുകൾ കൂട്ടക്കൊല ചെയ്ത നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർക്കു നേർക്കുണ്ടായ ആക്രമണം ദൗർഭാഗ്യകരവും ഭീരുത്വവുമാണെന്നും രക്തസാക്ഷികളായവരുടെ ത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഛത്തിസ്ഗഢിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും മോദി പ്രത്യാശിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സുക്മയിൽ സിആർപിഎഫ് സംഘത്തിനുനേർക്ക് മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 25 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. 300ൽ അധികം വരുന്ന മാവോയിസ്റ്റ് സംഘം ജവാൻമാരെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.