ന്യൂഡല്‍ഹി : ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. ലങ്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ലങ്കയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മോഡിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്. രണ്ടുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് താന്‍ ലങ്ക സന്ദര്‍ശിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ച ബന്ധമാണ് വ്യക്തമാകുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് നരേന്ദ്രമോഡി ഫേസ്ബുക്കില്‍ കുറിച്ചു. കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിലെ വിശാഖ ദിനാഘോഷത്തില്‍ നരേന്ദ്രമോഡി മുഖ്യാതിഥിയാകും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ക്ഷണപ്രകാരം, പന്ത്രണ്ടു മുതല്‍ പതിനാലാം തീയതി വരെ നടക്കുന്ന ബുദ്ധപൂര്‍ണിമ ആഘോഷങ്ങളിലും മോഡി സംബന്ധിക്കും. നിരവധി ബുദ്ധമത നേതാക്കളുമായും, പണ്ഡിതന്മാരുമായും മോഡി കൂടിക്കാഴ്ച നടത്തും. ലങ്കയിലെ ഗംഗാരാമയ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന മോഡി, അവിടുത്തെ പരമ്പരാഗതമായ ദീപം തെളിയ്ക്കല്‍ ചടങ്ങിലും പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള, ഡിക്കോയ ആശുപത്രിയുടെ ഉദ്ഘാടനവും ലങ്കന്‍ സന്ദര്‍ശനത്തിനിടെ മോഡി നിര്‍വഹിക്കും. ലങ്കയിലെ തമിഴ് വംശജരുമായും മോഡി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായും മോഡി ചര്‍ച്ച നടത്തും.