അസ്താന: ∙ ഭീകരവാദം അവസാനിപ്പിക്കാൻ ഒന്നിച്ചുനീങ്ങാൻ ഷാങ്ഹായ് സഹകരണ സമിതി രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇതിനായി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അതിർത്തികളെയും മാനിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ഷാങ്ഹായ് സഹകരണസമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയ്ക്കു മേധാവിത്വമുള്ള എസ്‌സിഒയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൂർണ അംഗത്വം നൽകിക്കൊണ്ടുള്ള ആദ്യ യോഗമാണ് നടന്നത്. യോഗത്തിനെത്തിയ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. മാനവികതയ്ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദമെന്ന് മോദി യോഗത്തെ ഓർമിപ്പിച്ചു. പരസ്പര സഹകരണത്തിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേഷിതമാണെന്നും മോദി ചൂണ്ടിക്കാട്ടി.
എസ്ഇഒ രാജ്യങ്ങളുമായി ബൃഹത്തായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. കൂടുതൽ സഹകരണത്തിലേക്കും ഇടപെടലുകളിലേക്കും ഈ ബന്ധത്തെ വളർത്താനാണ് ഇന്ത്യയ്ക്ക് താൽപര്യമെന്നും മോദി പറഞ്ഞു.