ടെല്‍ അവീവ്: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹ ഉടമ്ബടിപോലെ മൊട്ടിട്ടു തുടങ്ങിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് സ്വര്‍ഗത്തില്‍ നടന്ന വിവാഹമാണ്. എന്നാല്‍ തങ്ങളിത് ഭൂമിയില്‍ നടപ്പിലാക്കുന്നു- നെതന്യാഹു പറഞ്ഞു. മോദിയും നെതന്യാഹുവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി വിശദീകരിച്ചത്. ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ചര്‍ച്ചയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത് സഹകരണത്തിലൂടെയുള്ള അവസരങ്ങള്‍ സംബന്ധിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ-ഇസ്രയേല്‍ സഹകരണം ലോകസമാധാനത്തിനും ഭദ്രതയ്ക്കും എപ്രകാരം ഉതകുമെന്നതിനെ സംബന്ധിച്ചും ചര്‍ച്ചയായതായി മോദി വ്യക്തമാക്കി.
സൈബര്‍ സുരക്ഷ ഉള്‍പ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചു. കൃഷി, ജലസേചനം എന്നീ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ബെന്‍ഗൂരിയന്‍ വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മന്ത്രിമാരും ചേര്‍ന്നു ചുവപ്പുപരവതാനി വിരിച്ചാണ് സ്വീകരിച്ചത്. “താങ്കള്‍ക്കു സ്വാഗതം, എന്റെ സുഹൃത്തേ” എന്നു ഹിന്ദിയില്‍ അഭിസംബോധന ചെയ്തു തൊഴുകൈകളോടെയാണു മോദിയെ നെതന്യാഹു വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
ജറുസലമിലെ കിംഗ് ദാവീദ് ഹോട്ടലിലെത്തിയ മോദി പിന്നീട് നെതന്യാഹു ഒരുക്കിയ വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്തു. കൃഷിമന്ത്രി ഉരി ഏരിയലിനൊപ്പം ഡാന്‍സിഗലിലെ 80000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ഹൗസ് പുഷ്പോദ്യാനം മോദി സന്ദര്‍ശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.