ഹാംബര്‍ഗ് : ഭീകരവാദത്തെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍. ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി 20 രാജ്യങ്ങള്‍ കൂട്ടായി നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ്-ഇ മുഹമ്മദ്, ഐഎസ്, അല്‍ക്വയ്ദ എന്നീ സംഘടനകളുടെ പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ തത്വസംഹിത ഒരുപോലെയാണെന്നും മോദി പറഞ്ഞു. അവര്‍ വിദ്വേഷത്തിന്റെ ആശയങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നത്. കൂട്ടക്കുരുതി മാത്രമാണ് അവരുടെ നിയോഗം.
ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ വിവരങ്ങള്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതുള്‍പ്പെടെ 11 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ട മോദി അവതരിപ്പിച്ചു.