സിയാമെന്‍: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ്. പഞ്ചശീല തത്വങ്ങള്‍ക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്നും ഷി ജിന്‍പിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ചൈനീസ് ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ രണ്ട് നിര്‍ണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജിന്‍പിങ് പറഞ്ഞു.ചൈനയിലെ ഷിയാമെന്നില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ദോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബ്രിക്സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.