ന്യൂഡല്‍ഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണങ്ങള്‍ തികച്ചും വ്യാജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുന്നുവെന്നും, ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. മാത്രമല്ല, രാജ്യത്തെ ബാങ്കിങ് സമ്ബ്രദായത്തെ തകര്‍ക്കുകയാണ് യു.പി.എ ചെയ്തതെന്നും, വന്‍കിട വ്യാപാരികള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കുന്ന നയംമാണ് അവര്‍ സ്വീകരിച്ചിരുന്നതെന്നും, കല്‍ക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ് ഇതെന്നും മോദി ആരോപിച്ചു. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍ക്ക് വേണ്ടിയാണ് ജി.എസ്.ടി നടപ്പിലാക്കിയതെന്നും, വന്‍കിട-ചെറുകിട വ്യത്യാസമില്ലാതെ മുഴുവന്‍ വ്യാപാരികളെയും ജി.എസ്.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.