തിരുവനന്തപുരം: മുത്തലാഖ് കാരണം മുസ്ലീം സ്ത്രീകള്‍ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് അവര്‍ക്ക് മോചനമുണ്ടായിരിക്കുന്നുവെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മുത്തലാഖ് നിയമം പരാമര്‍ശിച്ചത്. സാമൂഹ്യനീതി ഉറപ്പ് വരുത്തുകയാണ് മുത്തലാഖ് നിരോധന നിയമത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ വിദ്യകൊണ്ട് പോരാടാന്‍ പഠിപ്പിച്ച മഹാനാണ് ശ്രീനാരായണ ഗുരുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
തീര്‍ത്ഥാടന സമ്മേളനത്തില്‍ ഇന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ സെമിനാറും ഇന്ന് നടക്കും. നാളെയാണ് 85-ാമത് ശിവഗിരി തീര്‍ത്ഥാടനം സമാപിക്കുന്നത്.