ന്യൂഡല്‍ഹി:ഇന്ത്യയിലെ ചിലര്‍ക്കു രാജ്യത്തേക്കാള്‍ കുടുംബമാണു പ്രധാനം. കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ ലാഭമുണ്ടാക്കുന്നതിനും അഴിമതിക്കും വേണ്ടിയാണു പ്രതിരോധ സേനയെ ഉപയോഗിച്ചതെന്നും മോദി ആരോപിച്ചു.ഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തരുതെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ബൊഫോഴ്സ് മുതല്‍ ഹെലികോപ്റ്റര്‍ ഇടപാട് വരെയുള്ള അന്വേഷണം ഒരൊറ്റ കുടുംബത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ ധീരസൈനികരെ ആദരിക്കുന്നതിനുള്ള യുദ്ധസ്മാരകം നിര്‍മിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതായും പ്രധാനമന്ത്രി ആരോപിച്ചു. സൈനികരുടെ കുടുംബങ്ങളോടുള്ള അനീതിയാണിത്. നേരത്തെ, ചില ശ്രമങ്ങള്‍ നടന്നെങ്കിലും പദ്ധതി പൂര്‍ത്തീകരിച്ചില്ല. 2014ല്‍ ഞങ്ങള്‍ സ്മാരകത്തിന്റെ ജോലി ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യു വരിച്ച 25942 സൈനികരുടെ പേരുകള്‍ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 176 കോടി ചെലവഴിച്ചാണ് സ്മാരകം പൂര്‍ത്തിയാക്കിയത്.