ലക്നോ: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരം കാവല്‍ക്കാരനും അഴിമതിക്കാരും തമ്മിലായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് രാജ്യത്തെ 130 കോടി ജനങ്ങളും മനസില്‍ ഉറപ്പിച്ചു കഴിഞ്ഞു. കാവല്‍ക്കാരനും അഴിമതിക്കാരും തമ്മിലാണ് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരം- അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഇന്ത്യയുടെ നായകന്മാരെയാണോ പാക്കിസ്ഥാന്റെ നായകന്മാരെയായണോ ആവശ്യം? നമുക്ക് തെളിവുകളാണോ വേണ്ടത് നല്ല പുത്രന്മാരെയാണോ? തന്റെ രാജ്യത്തിന്റെ നല്ല പുത്രന്മാരാണ് തന്റെ തെളിവെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിനു തെളിവ് ചോദിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
നാടകവും എ സാറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തവരോട് എന്ത് പറയാനാണെന്നും മോദി ചോദിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് ഇവരോട് വിശദീകരിച്ച് കൊടുക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഉപഗ്രവേധ മിസൈല്‍ പരീക്ഷണ വിജയം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരിഹാസം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ മറുപടി.