കോഴിക്കോട് : ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കോഴിക്കോട്ടെത്തും. ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ അദ്ദേഹത്തിന്‍റെ യാത്രാപരിപാടികള്‍ക്ക് ഇന്നലെയാണ് അന്തിമരൂപമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയും ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തും. ഉച്ചയ്ക്ക് 1.20-ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നു തിരിക്കുന്ന പ്രധാനമന്ത്രി 4.21 -ന് കരിപ്പൂരിലിറങ്ങും. അവിടെ നിന്ന് ഹെലികോപ്ടറില്‍ 4.50 -ന് വിക്രം മൈതാനത്ത് എത്തും. അഞ്ചിന് കടപ്പുറത്തെ പൊതുസമ്മേളന വേദിയിലെത്തുന്ന പ്രധാനമന്ത്രി 6.30 വരെ അവിടെ ചെലവഴിക്കും.തുടര്‍ന്ന് ഈസ്റ്റ് ഹില്‍ ഗസ്റ്റ്ഹൗസിലെത്തി ഏഴരവരെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 7.35 -ന് പഴയകാല നേതാക്കളെ ആദരിക്കുന്ന വേദിയായ സാമൂതിരി സ്കൂളിലേക്കു തിരിക്കും.