ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് അനുബന്ധമായി നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയെന്ന നിലയില്‍ ലോകം ആകാംക്ഷാപൂര്‍വ്വമാണ് മോദിയുടെ വാക്കുകള്‍ക്കായി കാത്തിരുന്നത്.
21ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്തെത്താന്‍ ഏഷ്യന്‍ രാജ്യങ്ങളെല്ലാം അവരവരാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുമ്ബോള്‍ അതില്‍ നിന്നെല്ലാം മാറി നിന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന, രക്തപ്പുഴയൊഴുക്കുന്ന ഒരു രാജ്യമുണ്ട്. ലോകത്ത് എവിടെ നടക്കുന്ന ഭീകരാക്രമണങ്ങളിലും ആ രാജ്യത്തിന്റെ കൈകളുണ്ട്.അഫ്ഗാനിലും ബംഗ്ലാദേശിലും എന്നുവേണ്ട ലോകത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും ഈ രാജ്യത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നു. ഒന്നുകില്‍ ഈ രാജ്യത്ത് നിന്ന് തീവ്രവാദികള്‍ പല രാജ്യങ്ങളിലും പോയി ആക്രമണങ്ങള്‍ നടത്തുന്നു. അല്ലെങ്കില്‍ ഉസാമ ബിന്‍ലാദനെ പോലെ ഭീകരാക്രമണങ്ങള്‍ നടത്തിയ ശേഷം ഇവിടെ വന്ന് ഒളിച്ചിരിക്കുന്നു. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും ഈ രാജ്യത്തെ കുറ്റപ്പെടുത്തുകയാണ്.തീവ്രവാദം ലോകത്തിന്റെ ശത്രുവാണ്. എന്നാല്‍ അതിന് മുന്നില്‍ മുട്ടുമടക്കാന്‍ രാജ്യം തയ്യാറല്ല. ദിവസങ്ങള്‍ക്ക് മുമ്ബ് ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്ത്യയുടെ അയല്‍ രാജ്യത്ത് നിന്നെത്തിയ തീവ്രവാദികള്‍ നമ്മുടെ 17 ജവാന്മാരെ കൊലപ്പെടുത്തി. രാജ്യം ഒരിക്കലും ഇത് മറക്കാന്‍ പോകുന്നില്ല. അതിന് മറുപടി നല്‍കും. ഏതാനും മാസങ്ങള്‍ക്കിടെ 17 തവണയാണ് ഇത്തരത്തിലുള്ള ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. നമ്മുടെ സൈന്യം സമര്‍ത്ഥമായി ഇടപെട്ട് അത് പരാജയപ്പെടുത്തുകയായിരുന്നു. 110 തീവ്രവാദികളാണ് ഈ കാലയളവില്‍ നമ്മുടെ സൈന്യം വധിച്ചത്. ഭീകരവാദികളുടെ വാക്കുകള്‍ മാത്രമാണ് പാകിസ്ഥാനിലെ നേതാവ് കേള്‍ക്കുന്നത്.
ഞാന്‍ ഇവിടെ നിന്ന് നേരിട്ട് പാകിസ്ഥാനിലെ ജനങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്. തീവ്രവാദികളുടെ കവിത വായിക്കുന്ന ആവരുടെ നേതാക്കളോട് പറഞ്ഞിട്ട് കാര്യമില്ല. 1947ന് മുമ്ബ് ഈ രാജ്യത്തെ പ്രണമിച്ചുകൊണ്ടാണ് നിങ്ങളുടെ പൂര്‍വ്വികള്‍ ജീവിച്ചത്. പാക് അധീന കശ്മീര്‍ അടക്കം പാകിസ്ഥാന്റെ കൈയിലുള്ള പ്രദേശങ്ങളില്‍ കാര്യങ്ങള്‍ നേരേ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയാത്തത്. കശ്മീരിന്റെ പേര് പറഞ്ഞ് അവിടുത്തെ പാകിസ്ഥാനിലെ ജനങ്ങളെ അവിടുത്തെ ഭരണാധികാരികള്‍ വിഡ്ഢികളാക്കുകയാണ്. ഒരേ കാലത്ത് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളായിട്ടും ഇന്ത്യ വിവര സാങ്കേതിക വിദ്യയും പാകിസ്ഥാന്‍ തീവ്രവാദവും കയറ്റുമതി ചെയ്യുന്ന അവസ്ഥയിലായത് എന്തുകൊണ്ടാണെന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ അവിടുത്തെ ഭരണാധികാരികളോട് ചോദിക്കണം.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയിരം വര്‍ഷത്തെ യുദ്ധത്തെക്കുറിച്ചാണ് പാകിസ്ഥാനിലെ ഭരണാധികാരികള്‍ സംസാരിക്കുന്നത്. അത് ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. നമുക്ക് രണ്ട് രാജ്യങ്ങള്‍ക്കും പട്ടിണിയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും നവജാത ശിശുക്കളുടെ മരണവും ഇല്ലാതാക്കാനുള്ള യുദ്ധം തുടങ്ങാം. അതില്‍ ആര് വിജയിക്കുമെന്ന് നമുക്ക് നോക്കാം. തീവ്രവാദത്തിനെതിരെ പാകിസ്ഥാനിലെ ജനങ്ങള്‍ ശബ്ദിച്ചുതുടങ്ങുന്ന കാലം വിദൂരമല്ല.