ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷത്തില്‍ പൊലിഞ്ഞ ഓരോ ജീവനും ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ കൊല്ലപ്പെട്ട പട്ടാളക്കാരും പ്രതിഷേധക്കാരും ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ജൂലായ് എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ തെരുവിലിറങ്ങിയതോടെ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയായി. ഒന്നര മാസത്തിലേറെയായി നീളുന്ന സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി പ്രതിഷേധക്കാരും പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.
കശ്മീരിലെ യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നവര്‍ ഒരു ദിവസം അതിന് ഉത്തരം പറയേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്യവും മമതയുമാണ് കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകളില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് 22 എംപിമാരെ ചുമതലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധക്കാരോട് തനിക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കണമെന്ന് മെഹബൂബ അഭ്യര്‍ത്ഥിച്ചിരുന്നു.