ന്യൂഡല്‍ഹി • ദാരിദ്ര്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പാക്കിസ്ഥാനെ ഉപദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ആത്മപരിശോധനയ്ക്കു തയാറാവണമെന്നു കോണ്‍ഗ്രസും ബിഎസ്പിയും ആവശ്യപ്പെട്ടു. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുന്നത്. രാജ്യത്തിനെതിരെയുയരുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ മോദിക്കു ചാര്‍ത്തിക്കൊടുക്കാനാണു പ്രതിപക്ഷശ്രമം. മുന്‍ സര്‍ക്കാരിന്റെ കാലത്തു മന്‍മോഹന്‍ സിങ്ങിനെതിരെ ബിജെപി ഉയര്‍ത്തിയിരുന്ന ആരോപണം ഇപ്പോള്‍, അവര്‍ക്കെതിരെ തന്നെ തിരിയുന്നു.