കോഴിക്കോട്: ബിജെപി ദേശിയ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രധാനമന്ത്രിക്ക് ബോംബ് ഭീഷണിയുണ്ടായ സംഭവത്തില്‍ പൊലീസും,കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളന സ്ഥലത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു നടക്കാവ് സ്റ്റേഷനിലെ ഫോണിലേക്ക് എത്തിയ സന്ദേശം. ഇതോടെ പൊലീസ് ബോംബ് സ്ക്വാഡും,കേന്ദ്ര സുരക്ഷാ ഏജന്‍സികളും കോഴിക്കോട് നഗരമാകെ അരിച്ചുപെറുക്കി.ബീച്ചിലും സ്വപ്ന നഗരയിലെ സമ്മേളന സ്ഥലത്തും സുരക്ഷാ ഏജന്‍സികള്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. എന്നാല്‍ ഭീഷണി സന്ദേശം ഗൗരവമായാണ് സുരക്ഷാ ഏജന്‍സികള്‍ എടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് നടക്കാവ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.ഗള്‍ഫില്‍ നിന്ന് കോയമ്ബത്തൂര്‍ സ്വദേശിയായ ഒരാളുടെ സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഉടമയെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞു. ഈയാളെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.