ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, മറിച്ച്‌ ശൗര്യം പ്രവര്‍ത്തിച്ചു കാട്ടുന്നവരാണ് : നരേന്ദ്ര മോദി

210

ന്യൂഡല്‍ഹി • നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രതിപക്ഷവും വാദപ്രതിവാദം തുടരുന്നതിനിടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, മറിച്ച്‌ ശൗര്യം പ്രവര്‍ത്തിച്ചു കാട്ടുന്നവരാണ്. നമ്മുടെ പ്രതിരോധമന്ത്രിയും അത്തരത്തിലാണെന്നും മോദി പറഞ്ഞു. ഭോപ്പാലില്‍ മുന്‍ സൈനികര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവു പുറത്തുവിടണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. കൂടാതെ, യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം മിന്നലാക്രമണം നടത്തിയിരുന്നുവെന്നു പ്രതിപക്ഷം പറഞ്ഞിരുന്നു.

എന്നാല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഈ വാദം തള്ളി. ഇതോടെ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വീണ്ടും തര്‍ക്കം മുറുകി. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.നമ്മുടെ സൈനികരുടെ യൂണിഫോമിനെക്കുറിച്ചും ശൗര്യത്തെക്കുറിച്ചുമാണ് നാമെപ്പോഴും പറയുന്നത്. എന്നാല്‍, അവരുടെ മനുഷ്യത്വം നമ്മള്‍ കാണാതെ പോകരുതെന്നും മോദി പറഞ്ഞു. യുഎന്നിന്റെ സമാധാന സേനയില്‍ ഇന്ത്യ വലിയ സംഭാവനയാണു നല്‍കുന്നത്. യെമനിലെ സംഘര്‍ഷത്തില്‍നിന്നു നമ്മുടെ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സൈന്യം വലിയ ഇടപെടലാണ് നടത്തിയത്. ഇന്ത്യന്‍ സൈന്യം അവിടെനിന്നു രക്ഷപ്പെടുത്തിയവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല പാക്കിസ്ഥാന്‍കാരും ഉണ്ടായിരുന്നു.
നമ്മുടെ സൈനികര്‍ ജീവന്‍ പണയംവച്ച്‌ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതിനാലാണ് നമുക്കിവിടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നത്. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍ നില്‍ക്കുന്നതും സൈനികരാണ്. മുന്‍സര്‍ക്കാര്‍ സൈനികര്‍ക്കു വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY