ലൂധിയാന • സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും ദലിതര്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്നതു കണ്ടു തന്റെ ശിരസ്സ് ലജ്ജ കൊണ്ടു കുനിഞ്ഞുപോകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള സാമൂഹിക വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രീകൃതമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വിഭാഗങ്ങളില്‍ നിന്നു പുതു സംരംഭങ്ങള്‍ തുടരുന്നവരെ സഹായിക്കാനുള്ള ദേശീയ എസ്സി/എസ്ടി ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ജാതി വ്യത്യാസം, വര്‍ണവിവേചനം എന്നിവയ്ക്കെതിരെ ഗുരു ഗോബിന്ദ് സിങ് നടത്തിയ പോരാട്ടങ്ങളെ മോദി അനുസ്മരിച്ചു. ‘നമ്മുടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ നമുക്കറിയാം. എന്നാല്‍ ദലിത് സഹോദരന്മാരെ ഉന്നംവച്ച് ഇന്നും ചില സംഭവങ്ങള്‍ നടക്കുമ്ബോള്‍ എന്റെ തല അപമാനഭാരം കൊണ്ടു കുനിഞ്ഞുപോകുന്നു.
സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷം കഴിഞ്ഞു. ഇനി നമുക്കു കാത്തിരിക്കാനാവില്ല. നമ്മുടെ ദിശ സംബന്ധിച്ചു നമുക്കു കൂടുതല്‍ വ്യക്തത വേണം. ഒരു ദലിതന്റെയും ആദിവാസിയുടെയും പ്രതീക്ഷകള്‍ രാജ്യത്തെ മറ്റു യുവാക്കളുടേതിനെക്കാള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ അവസരം കിട്ടിയാല്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്താന്‍ വേണ്ട സംഭാവനകള്‍ നല്‍കുന്നതില്‍ ദലിതരും ആദിവാസികളും പിന്നിലാകയില്ല’- മോദി പറഞ്ഞു.
490 കോടിയുടെ മൂലധനവുമായി ആരംഭിച്ചിരിക്കുന്ന ദേശീയ എസ്സി/എസ്ടി ഹബ്ബ് പുതുസംരംഭങ്ങള്‍ തുടങ്ങാന്‍ ദലിതരെയും ആദിവാസികളെയും സഹായിക്കും. അങ്ങനെ മറ്റുള്ളവര്‍ക്കു ജോലി നല്‍കുന്നവരായി അവര്‍ക്കു മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നെയ്ത്തുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കു പ്രധാനമന്ത്രി 500 ചര്‍ക്കകളും വിതരണം ചെയ്തു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഈ സ്ത്രീകള്‍ക്കുള്ള ചര്‍ക്കകള്‍ ഖാദി, ഗ്രാമവ്യവസായ കമ്മിഷനാണു നല്‍കിയത്.
ഖാദി വസ്ത്രങ്ങള്‍ വാങ്ങുന്നതു സ്വാതന്ത്ര്യസമര കാലത്തു വളരെ വ്യാപകമായിരുന്നു. വീണ്ടും നാം അതിലേക്കു തിരിച്ചുപോകണമെന്നു മോദി പറഞ്ഞു. അന്നു ഖാദി രാജ്യത്തിനുവേണ്ടി എന്നായിരുന്നെങ്കില്‍ ഇന്നു ഖാദി ഫാഷനുവേണ്ടി എന്നായിരിക്കണം നിലപാട്. ദീപാവലി പോലുള്ള ആഘോഷങ്ങളുടെ സമയത്തു ഖാദി വസ്ത്രങ്ങള്‍ വാങ്ങുന്നതു ശീലമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും സംബന്ധിച്ചു.