ന്യൂഡല്‍ഹി • ആദിവാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസിജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ പാടില്ല. ഇരുമ്ബയിരും കല്‍ക്കരിയുമൊക്കെ ആവശ്യമാണെങ്കിലും ഖനനം ആദിവാസിജീവിതം നശിപ്പിച്ചാകരുത്. ആദിവാസി ഊരുകള്‍ക്കു ശല്യമുണ്ടാക്കാത്ത തരത്തില്‍ ഖനനം നടത്താനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ആദിവാസിമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആദിവാസികളുടെ സമഗ്രവികസനത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആദിവാസിക്ഷേമ മന്ത്രി ജൂവല്‍ ഓറം പറഞ്ഞു. ഏകലവ്യ സ്കൂളുകളിലൂടെയും സ്കോളര്‍ഷിപ്പുകളിലൂടെയും ആദിവാസികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. ആദിവാസികളുടെ വന ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്താനും സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അനില്‍ മാധവ് ദവെ, ജസ്വന്ത് സിങ് സുമന്‍ഭായി ഭാഭൊര്‍, സുദര്‍ശന്‍ ഭഗത്, കിരണ്‍ റിജ്ജു, വിഷ്ണുദേവ് സായി തുടങ്ങിയവര്‍ പങ്കെടുത്തു.