ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. മാധ്യമസ്വാതന്ത്രത്തിന് മേല്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സമൂഹത്തിന് യോജിച്ച നടപടിയല്ല. അടിയന്തരാവസ്ഥ കാലത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അടച്ചു പൂട്ടേണ്ടി വന്ന സംഭവം നമ്മള്‍ ഓര്‍ക്കണം. പിന്നീട് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായ ശേഷമാണ് കാര്യങ്ങള്‍ സാധാരണനിലയിലായത്- പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു മരണവും ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വഭാരതമിഷനെ പിന്തുണയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ചില തെറ്റുകളുടെ പേരില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതിനേയും വിമര്‍ശിച്ചു. തെറ്റുകള്‍ ആര്‍ക്കും പറ്റാം, ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്, നിങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട് – മോദി പറഞ്ഞു.