അഹമ്മദാബാദ്• പാര്‍ലമെന്റില്‍ നോട്ട് പ്രതിസന്ധി വിഷയത്തില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ നിലപാടു കൊണ്ടാണ് പൊതുവേദിയില്‍ കാര്യങ്ങള്‍ പറയേണ്ടിവരുന്നത്. ചര്‍ച്ചയ്ക്കു തയാറാണെന്ന് സര്‍ക്കാര്‍ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നിലപാട് രാഷ്ട്രപതിയെപ്പോലും രോഷാകുലനാക്കിയെന്നും മോദി പറഞ്ഞു. അഹമ്മദാബാദില്‍ പാല്‍ കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് എന്നെ എതിര്‍ക്കാം. എന്നാല്‍ ജനങ്ങളെ ബാങ്കിങ് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഇടപാടുകള്‍ക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയാം. 50 ദിവസങ്ങളാണ് ഞാന്‍ ആവശ്യപ്പെട്ടത്. അഴിമതിയില്‍നിന്ന് നമ്മുടെ രാജ്യമെങ്ങനെ മാറുന്നുവെന്ന് ഈ ദിവസങ്ങളില്‍ ഞാന്‍ കാണിച്ചുതരാം. കുറ്റക്കാരായ ഒരാളും രക്ഷപെടില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ബാങ്കിലോ എടിഎമ്മിലോ വരിനിന്നു സമയം കളയേണ്ട ആവശ്യമില്ല. എല്ലാവരും ഇ-വോലറ്റുകളിലൂടെയും ഇ-ബാങ്കിലൂടെയും ഇടപാടുകള്‍ നടത്തണം. ഇന്ന് എല്ലാവരും നോട്ട് ഭൗര്‍ലഭ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ പാവങ്ങളുടെ കൈകള്‍ക്ക് ശക്തി പകരുന്നതിനാണ് നോട്ട് അസാധുവാക്കുന്നതിന് തീരുമാനിച്ചത്. 100, 50 നോട്ടുകളുടെ മൂല്യം അതുവഴി ഉയര്‍ന്നു. വ്യാജ കറന്‍സി റാക്കറ്റുകളുടെയും ഭീകരരുടെയും ശക്തി ചോര്‍ത്തിക്കളയാന്‍ ഇതിലൂടെ സാധിച്ചു. അഴിമതിയില്‍ സന്തോഷിക്കാത്തത് പാവപ്പെട്ടവരാണ്. അല്ലാതെ അഴിമതി ചെയ്യുന്നവരല്ല. നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി പറഞ്ഞു.