ന്യൂഡല്‍ഹി• ഡിജിറ്റല്‍ ഇന്ത്യയെന്ന ലക്ഷ്യത്തോടെ ബാബാസാഹിബ് അംബേദ്കറുടെ പേരില്‍ ‘ഭീം’ (ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി) ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പ് ഉപയോഗിച്ചാല്‍ ഇടപാടുകള്‍ക്ക് അധികത്തുക ചുമത്തുകയില്ല. ഉപഭോക്താക്കള്‍ക്ക് വന്‍ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിരലടയാളം മാത്രം പതിച്ചാല്‍ മറ്റ് രേഖകളൊന്നും ഇല്ലാതെ എല്ലാ സാമ്ബത്തിക ഇടപാടുകളും നടത്താന്‍ കഴിയും. ഡല്‍ഹി താല്‍ക്കടോറ സ്റ്റേഡിയത്തില്‍ നടന്ന ‘ഡിജി-ധന്‍’ മേളയിലാണ് ആപ്പ് പുറത്തിറക്കിയത്.
ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് നരേന്ദ്ര മോദി നേരത്തെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ജനത്തിന് ഉപകാരപ്രദമാകുന്ന ആപ്പായിരിക്കും ഇതെന്നും ഡിജിറ്റല്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. ഡിജിറ്റല്‍ സാമ്ബത്തിക ഇടപാടുകള്‍ വ്യാപകമാകുന്നതോടെ അഴിമതിക്കു കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുതുവര്‍ഷത്തോടനുബന്ധിച്ച് നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിനുശേഷമുള്ള പദ്ധതികള്‍ അന്നു പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.