ജലന്ധര്‍: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് ജനം വോട്ട് ചെയ്യുമോ എന്ന് ജലന്ധറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ നരേന്ദ്ര മോഡി ചോദിച്ചു. എന്തുവില കൊടുത്തും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. അധികാരമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കരയില്‍ കിടന്ന് പിടയുന്ന മത്സ്യത്തിന് തുല്യമാണ് പാര്‍ട്ടിയുടെ അവസ്ഥ. പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വര്‍ഷം ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും മോഡി ചൂണ്ടിക്കാട്ടി.
നശീകരണത്തിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ 70 വര്‍ഷക്കാലം രാജ്യം കണ്ടത്. കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടം രാഷ്ട്രീയ ലക്ഷ്യമിട്ടല്ല. വ്യക്തിപരമായ അഭിലാഷമാണത്. എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കി. കഴിഞ്ഞ 48 വര്‍ഷമായി കോണ്‍ഗ്രസ് ജവാന്‍മാരോട് നുണ പറയുകയായിരുന്നുവെന്നും മോഡി കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി താന്‍ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവര്‍ ഒരു കാര്യമറിയണം. കര്‍ക്കശ തീരുമാനങ്ങളില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്നും നെറികേടിനെതിരെ ആണ് താന്‍ പോരാടുന്നതെന്നും മോഡി വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് പഞ്ചാബി ജനത ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാദല്‍ വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാനും പാര്‍ട്ടികള്‍ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദുസിഖ് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ഐക്യത്തിനായി പ്രവര്‍ത്തിച്ചയാളാണു ബാദല്‍. പാവപ്പെട്ടവരും കര്‍ഷകരും ഗ്രാമങ്ങളുമാണ് ബാദല്‍ സാഹബിനു പ്രധാനം. വിളനശിച്ച കര്‍ഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും ബാദല്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഫെബ്രുവരി നാലിനാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് പതിനൊന്നിന് നടക്കും.