ഗാങ്ഷൂ: ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ജി20 ഉച്ചകോടി നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. ചൈനയ്ക്കും പാകിസ്താനും ഇടയില്‍ പാകി അധിനിവേശ കശ്മീരിലൂടെ നിര്‍മിക്കുന്ന സാമ്ബത്തിക ഇടനാഴി ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇന്ത്യയുടെ എതിര്‍പ്പ് ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. എന്‍എസ്ജി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ നേരത്തെ ചൈന ശക്തമായി എതിര്‍ത്തതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.അതേസമയം ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്ന ബന്ധത്തില്‍ ചൈനയ്ക്കും ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൈന ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും ബ്രിക്സ് നേതാക്കളെ കാണും. ഉച്ചകോടിയില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ക്ക് അന്തിമരൂപം നല്‍കാനാണിത്. ഇന്നും നാളെയുമായാണ് ജി20 ഉച്ചകോടി നടക്കുന്നത്.