സർക്കാർ രൂപവത്കരിക്കാൻ നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു.

152

ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കാൻ എൻ ഡി എ പാർലമെന്ററി പാർട്ടി നേതാവ് നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു.

ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ നേതൃത്വം നൽകിയ എൻ ഡി എ സംഘം സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ജെ ഡി യു നേതാവ് നിതീഷ് കുമാർ, എൽ ജെ പി നേതാവ് രാം വിലാസ് പാസ്വാൻ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറേ, ബി ജെ പി നേതാക്കളായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.തുടർന്ന് രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. കേന്ദ്രമന്ത്രിസഭയിലേക്കുള്ള അംഗങ്ങളുടെ പേരു നിർദേശിക്കാനും സത്യപ്രതിജ്ഞയ്ക്കുള്ള സമയവും തിയതിയും അറിയിക്കാനും മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ ചേർന്ന യോഗത്തിൽ നരേന്ദ്ര മോദിയെ എൻ ഡി എയുടെയും ബി ജെ പിയുടെയും പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. വ്യാഴാഴ്ച മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. വിദേശ രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചനകൾ.

NO COMMENTS