പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം

145

കേന്ദ്ര സർക്കാരിന്റെ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ മികച്ച പ്രവർത്തനം നടത്തുന്ന അവരുടെ ധനകാര്യ ഏജൻസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരം കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്.

ഓരോ വർഷവും അനുവദിക്കുന്ന പുനർവായ്പാ സഹായം വിനിയോഗിക്കുവാനായി യഥാസമയം പദ്ധതി നിർദ്ദേശം സമർപ്പിക്കുന്നതിലും അനുവദിക്കുന്ന തുകയിൽ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും തുക വിനിയോഗിക്കുന്നതിലും വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലും ലഭിച്ച വായ്പ വീഴ്ച കൂടാതെ യഥാസമയം തിരിച്ചടക്കുന്നതിലും കാണിച്ച പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷൻ ഈ ബഹുമതിക്ക് അർഹമായത്.

വിവിധ വരുമാനദായക പദ്ധതികളായ മൈക്രോ ക്രെഡിറ്റ് ഫിനാൻസ്, മഹിളാ സമൃദ്ധി യോജന, ലഘു വ്യവസായ യോജന, കൃഷിഭൂമി വായ്പാ പദ്ധതി എന്നിവയാണ് ഈ കാലയളവിൽ കോർപ്പറേഷൻ പ്രധാനമായും നടപ്പിലാക്കിയത്. ഇത് അഞ്ചാം തവണയാണ് കോർപ്പറേഷന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

എൻ.എസ്.എഫ്.ഡി.സിയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള 38 ധനകാര്യ ഏജൻസികളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തിയാണ് ദേശീയ പുരസ്‌കാരത്തിന് അർഹതയുള്ള ഏജൻസികളെ തെരഞ്ഞെടുക്കുന്നത്. അവാർഡ് തുകയായി ലഭിച്ച അഞ്ച് ലക്ഷം രൂപ കോർപ്പറേഷന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് ചെയർമാൻ ബി. രാഘവനും മാനേജിംഗ് ഡയറക്ടർ ഡോ. എം.എ നാസറും അറിയിച്ചു.

NO COMMENTS