ന്യൂഡല്‍ഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ ബാലാവകാശ കമ്മീഷന്റെ വിമർശനം. കമ്മീഷന്റെ വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന്‍ ആരോപിച്ചു. സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിട്ടും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സര്‍ക്കാര്‍ ബോധപൂര്‍വം മാറ്റിനിര്‍ത്തി. കേസിലെ ആരോപണ വിധേയരെ രക്ഷിക്കാന്‍ പ്രോസിക്യൂട്ടറെ അടിക്കടി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേണ്ട നിയമസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജയിനാണ് അടുത്തിടെ വാളയാറില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
അതിനിടെ, വാളയാര്‍ കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രോസിക്യൂട്ടറുമായോ പ്രധാന സാക്ഷികളായ ഡോക്ടര്‍മാരുമായോ ഗൗരവമായ ചര്‍ച്ച നടത്തിയില്ല. തെളിവുകള്‍ കൂട്ടിയിണക്കാനായില്ലെന്നും സാക്ഷിമൊഴികള്‍ വേണ്ടവിധം കണക്കിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.