ദില്ലി: നാഷണല്‍ ഹെറാല്‍ഡ് ദിനപത്രത്തിന് 2005ല്‍ ഭൂമി കൈമാറിയ കേസില്‍ ഹരിയാന സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇതിനിടെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ശിക്ഷിക്കപ്പെട്ട ഫിന്‍മെക്കാനിക്ക മേധാവി ഗസിപോ ഒര്‍സിയുടെ ശിക്ഷ ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയില്‍ 2005ല്‍ ഹരിയാന നഗരവികസന അതോറിറ്റി നാഷണല്‍ ഹെറാല്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് ഭൂമി കൈമാറിയതിനെക്കുറിച്ച നേരത്തെ വിജിലന്‍സ് അന്വേഷിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് നടത്തി എന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. ഉന്നത നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം ബിജെപി കേസ് രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റോബര്‍ട്ട് വധ്രയുടെ കമ്പനി രാജസ്ഥാനിലെ ബിക്കാനീറില്‍ ഭൂമി വാങ്ങിയ കേസിലും അന്വേഷണ ഏജന്‍സി നീക്കങ്ങള്‍ ശക്തമായി. ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വധ്രയുടെ കമ്ബനി നല്കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളി.