വി എം സുധീരന്റെ പ്രതികരണം
ദേശീയപാത വികസന പദ്ധതി നടപ്പിലാക്കുന്നതില്‍ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഞാനയച്ച കത്തുമായി ബന്ധപ്പെട്ട് കൊണ്ട് ഗുരുവായൂര്‍ എം.എല്‍.എ അനഭിലഷണീയമായ ചില പരാമര്‍ശം നിയമസഭയില്‍ നടത്തിയതായും അരൂര്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്‍ അതിന്റെ അനൗചിത്യം യഥാസമയം ചൂണ്ടികാട്ടിയതായും അറിയാന്‍ കഴിഞ്ഞു.
ദേശീയ പാത വികസനത്തെ കുറിച്ച് സമഗ്രവും കൃത്യവുമായ ഫീസിബിലിറ്റി സറ്റഡിയും പദ്ധതി ചെലവും നഷ്ടപരിഹാരവും പുനരധി വാസവും സംബന്ധിച്ച് ശരിയായ വിലയിരുത്തലും ന്യായപൂര്‍ണ്ണവും നീതിയുക്തമായ പുനരധിവാസ പാക്കേജും തയ്യാറാക്കാതെയുള്ള ഇപ്പോഴത്തെ ദേശീയപാത വികസന നടപടികള്‍ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നും ഇക്കാര്യം പലതവണ സര്‍ക്കരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇപ്പോഴും പരിഗണനയില്‍ വരാത്തതിലുള്ള ദുഖം അറിയിക്കുന്നുവെന്നും കാണിച്ചുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിക്കുള്ള കത്ത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊക്കെ അടങ്ങിയ ആ കത്തിലെ ഉള്ളടക്കത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ പ്രകോപിതനായത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍പ്പെട്ട എങ്ങണ്ടിയൂര്‍ മുതല്‍ അണ്ടത്തോട് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുകയും അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന പദ്ധതി നടത്തിപ്പിലെ ദുരിതങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കേണ്ട ഒന്നാമത്തെ ഉത്തരവാദി എം.എല്‍.എ തന്നെയാണ്. പക്ഷെ തന്നില്‍ അര്‍പ്പിതമായ ആ ഉത്തരവാദിത്വം അദ്ദേഹം വേണ്ടപോലെ നിറവേറ്റുന്നില്ലാ എന്ന പരാതി ജനങ്ങള്‍ക്കുണ്ട്.അവര്‍ അതിലുള്ള പ്രതിഷേധം അടുത്തകാലത്ത് എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
തൻറെ ഭാഗത്ത് നിന്നുണ്ടായ പാകപ്പിഴകള്‍ തിരുത്തി തൻറെ നിയോജകമണ്ഡലത്തിലെ ഇരകളായ പാവങ്ങളുടെ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാനും ന്യായമായ പരിഹാരം ഉണ്ടാക്കാനും ദയവായി ഇനിയെങ്കിലും എം.എല്‍.എ ശ്രമിക്കണമെന്നാണ് എന്റെ സ്‌നേഹപൂര്‍ണ്ണമായ അഭ്യര്‍ത്ഥന.അതല്ലാതെ കാര്യങ്ങള്‍ പറയുന്നവര്‍ക്കെതിരെ നിയമസഭാവേദി ദുരുപയോഗം ചെയ്ത് അനൗചിത്യപരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹം വഹിക്കുന്ന ഉന്നതമായ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പറയേണ്ടി വന്നതില്‍ അതിയായ ദുഖമുണ്ട്.
ഞാന്‍ മുഖ്യമന്ത്രിക്ക് കത്തുകള്‍ അയക്കുന്നത് പത്രത്തില്‍ പേരുവരാനാണെന്ന ഗുരുവായൂര്‍ എം.എല്‍.എയുടെ പരിഹാസം എന്നെ അത്ഭുതപ്പെടുത്തി.
ജനാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കേണ്ടത് എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ കരുതുന്നു.അതെല്ലാം ജനങ്ങള്‍ അറിയണമെന്ന് എനിക്ക് താല്‍പ്പര്യവുമുണ്ട്.
സര്‍ക്കാരുകളെ നയിക്കുന്നതില്‍ ജനാഭിപ്രായത്തിനും വലിയ പങ്കുണ്ടല്ലോ. അക്കാര്യങ്ങളിലൊക്കെ തികഞ്ഞ ഔചിത്യം പാലിച്ചുകൊണ്ട് പോകാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും ഇതൊക്കെ ഞാനും ഗുരുവായൂര്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള എല്ലാ പൊതുപ്രവര്‍ത്തകരും ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യമാണെന്നാണ് എന്റെ എളിയ വിശ്വാസം. ഇക്കാര്യത്തില്‍ ഞാനെന്തോ ‘മഹാപരാധം’ ചെയ്തു എന്ന മട്ടില്‍ ദുസൂചനയോടെയുള്ള ഗുരുവായൂര്‍ എം.എല്‍.എയുടെ പ്രതികരണം ഒരിക്കലും അദ്ദേഹത്തില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നതല്ല. ദേശീയപാതയുമായി ബന്ധപ്പെട്ട എന്റെ നിലപാടുകളെ കുറിച്ച് ഇരകള്‍ക്കോ അവരെ പ്രതിനിധീകരിക്കുന്ന സമര സമിതിക്കോ ജനങ്ങള്‍ക്കോ യാതൊരു അവ്യക്തതയും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ യു.പി.എ ഭരിച്ചാലും എന്‍.ഡി.എ ഭരണത്തിലായാലും കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണങ്ങള്‍ മാറിമാറി വന്നാലും ദേശീയപാതയെ കുറിച്ച് എന്നും ഓരേ നിലപാട് തന്നെയാണ് ഞാന്‍ വച്ചുപുലര്‍ത്തി യിട്ടുള്ളത്. അതാത് കാലത്തെ ഭരണത്തിനനുസരിച്ച് നിലപാടുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്.ദേശീയപാത അതോറിറ്റി അഴിമതിക്കാരുടെ പിടിയിലാണെന്ന് എക്കാലവും തുറന്ന് പറയാന്‍ മടിച്ചിട്ടില്ല.
ജനതാല്‍പ്പര്യത്തെക്കാളുപരി ബി.ഓ.ടി കമ്പനികള്‍ക്ക് ജനങ്ങളെ യഥേഷ്ടം കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുന്ന ദേശീയപാത അതോറിറ്റിക്കെതിരെ വളരെ ശക്തമായ വിമര്‍ശനങ്ങളാണ് എന്റെ ഭാഗത്ത് നിന്നും വന്നിട്ടുള്ളത്.
ഇപ്പോഴും ബി.ഓ.ടി കമ്പനിക്കാരുടെ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ പദ്ധതി ഇരകള്‍ക്ക് സാമാന്യ നീതി നിഷേധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്ന ദുരവസ്ഥയാണ് കാണുന്നത്. അതിനെതിരായ പോരാട്ടം ഇരകളോടൊപ്പം നിന്ന് എന്നാല്‍ കഴിയുന്ന രീതിയില്‍ ഇനിയും തുടരും.ഇതൊന്നും അറിയാത്ത ആളാണ് ഗുരുവായൂര്‍ എം.എല്‍.എ എന്ന് ഞാന്‍ കരുതുന്നില്ല.
ഇരകളുടെ ദുരിതങ്ങള്‍ അറിയിക്കേണ്ട അധികാര കേന്ദ്രങ്ങളെ അറിയിക്കുന്നതില്‍ തനിക്ക് വന്ന വീഴ്ചയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗുരുവായൂര്‍ എം.എല്‍.എയുടെ വിഫലശ്രമമായിട്ടേ നിയമസഭയിലെ പരാമര്‍ശത്തെ കാണുന്നുള്ളു.