ന്യൂഡല്‍ഹി: കേരളത്തിലെ എറണാകുളം ജില്ലയില്‍ ഒരേയൊരു നിപ കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും രോഗിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. 50 പേരില്‍ നിപ സംശയിച്ചിരുന്നു. എന്നാല്‍ ആരിലും നിപ വൈറസ് ബാധ കണ്ടെത്താനായില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണ വിധേയമാക്കി. എന്നാല്‍, ഒരാളില്‍പോലും വൈറസ് ബാധ കണ്ടെത്താനായില്ല. 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച പത്തെണ്ണത്തിലും(19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മന്ത്രി ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.
ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയില്‍നിന്ന് ഒരു വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിൾ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 36 സാമ്പിളുകള്‍ ശേഖരിച്ചവയിലാണ് 12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തില്‍ 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും(19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തി.2001 ലും 2007 ലും പശ്ചിമ ബംഗാളിലും 2018 ലും 19 ലും കേരളത്തിലുമാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്. 2001 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 45 പേര്‍ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു.
2007 ല്‍ ബംഗാളിലെ നാദിയ ജില്ലയില്‍ അഞ്ച് മരണവും 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ വര്‍ഷം കേരളത്തില്‍നിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.