പ്രകൃതി ദുരന്തം: രക്ഷാപ്രവർത്തനത്തിന് വിവിധോദ്ദേശ്യ രക്ഷാ ബോട്ടുമായി വിദ്യാർഥിനികൾ

123

കോഴിക്കോട് : പ്രകൃതിദുരന്ത ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളുള്ള മൾട്ടി ഫങ്ങ്ഷണൽ രക്ഷാ ബോട്ട് കണ്ടുപിടുത്തവുമായി സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ കോഴിക്കോട് ജിഎച്ച്എസ്എസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനികളായ ഹ്യദ്യ മനോജും നീത ലക്ഷ്മിയും. കേരളത്തെ വെള്ളത്തിലാഴ്ത്തിയ 2018ലെയും 2019ലെയും പ്രളയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയവുമായി ഈ പെൺകുട്ടികൾ പരീക്ഷണത്തിൽ ഏർപ്പെട്ടത്.

ബോട്ട് ഓടിക്കുന്നതിൽ മുൻപരിചയം ഇല്ലാത്തവർക്കും ഏതു ഘട്ടത്തിലും എളുപ്പത്തിൽ ഓടിക്കാവുന്ന രീതിയിലാണ് ബോട്ട് പ്രവർത്തനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. യന്ത്രസഹായത്താലും അല്ലാതെയും ബോട്ട് ഉപയോഗിക്കാം.
ഇന്റലിജന്റ് യൂണിറ്റ്, ബ്ലൂടൂത്ത് / വൈഫൈ യൂണിറ്റ്, മാനുവൽ യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് യൂണിറ്റുകളാണ് ബോട്ടിനുള്ളത്. ഇന്റലിജൻറ്‌സ് യൂണിറ്റിന്റെ പ്രധാന ഭാഗം മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ച മൈക്രോ കൺട്രോളറാണ്. മുന്നിൽ തടസമായി വരുന്ന ഏതു വസ്തുവിനേയും സെൻസർ ചെയ്യാനും തട്ടി തെറിപ്പിക്കാനും ബോട്ടിൽ സജ്ജീകരണങ്ങളുണ്ട്. വശങ്ങളിൽ നിന്നും വസ്തുക്കൾ തടസമായി വരുകയാണെങ്കിൽ തനിയെ ദിശമാറാനുള്ള രീതിയിലാണ് ഈ യൂണിറ്റ് വഴിയുള്ള ബോട്ടിന്റെ പ്രവർത്തനം.

ബ്ലൂടൂത്ത് / വൈഫൈ സഹായത്തോടെ നിശ്ചിത ദൂരത്തിൽ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നത് ഈ ബോട്ടിന്റെ സവിശേഷതയാണെന്ന് ഹ്യദ്യയും നീതയും പറയുന്നു. മൊബൈലിൽ നിന്ന് ഉൾപ്പടെ ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് ബോട്ട് നിർത്താൻ ഉൾപ്പടെയുള്ള സൗകര്യം ഉണ്ട്. ബോട്ടിനുള്ളിൽ ഇരുന്നു കൊണ്ട് ഒരാൾക്ക് പ്രവർത്തിപ്പിക്കാവുന്ന ലളിതമായ രീതിയാണ് മാനുവൽ യൂണിറ്റിന്റേത്.

രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ നിരവധി സവിശേഷതകളും ബോട്ടിനുണ്ട്. വൃദ്ധർക്കും, ഗർഭിണികൾക്കും കുട്ടികൾക്കും ബോട്ടിലേക്ക് കയറാനായി ഘടിപ്പിച്ചിരിക്കുന്ന മെക്കാനിക്കൽ ചവിട്ടുപടികളാണ് ഇതിലൊന്ന്. കുടുങ്ങിക്കിടക്കുന്നവരേയും വസ്തുക്കളേയും സുരക്ഷിതമായി മാറ്റാവുന്ന ലിഫ്റ്റിംഗ് യൂണിറ്റാണ് മറ്റൊന്ന്. മരിച്ചവരേയോ, അബോധാവസ്ഥയിലുള്ളവരേയോ, അംഗഭംഗം വന്നവരേയോ വെള്ളത്തിൽ നിന്നും മറ്റും എടുക്കുന്നതിനുള്ള പിക്കിംഗ് യൂണിറ്റാണ് ബോട്ടിന്റെ വേറൊരു സവിശേഷത.

കഴിഞ്ഞ രണ്ട് വർഷങ്ങളിലേതുപോലുള്ള പ്രളയ സാഹചര്യങ്ങളോ മറ്റോ ഭാവിയിൽ സംജാതമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്താവുന്ന നിരവധി മേന്മകളാണ് ഈ കുട്ടി ശാസ്ത്രജ്ഞകളുടെ കണ്ടുപിടുത്തത്തിനുള്ളത്. സോളാർ എനർജിയിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാം എന്നതിനാൽ ഇത് പരിസ്ഥിതി സൗഹൃദപരമാണ. ഭാരവും ചെലവും കുറവായതിനാൽ ഈ കണ്ടുപിടുത്തം കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

NO COMMENTS