നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു ; മുഖ്യമന്ത്രി

28

നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവര്‍ത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന്റെ ഭാഗമായി ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങള്‍ക്കായാണു പ്രഭാത സദസ് സംഘടിപ്പിച്ചത്.

കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ചു നിരവധി നിര്‍ദേശങ്ങള്‍ നവകേരള സദസുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളില്‍ ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു നിരവധി പേര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തു. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവര്‍ ഇതിന്റെ ഭാഗമായി.

പതിനായിരങ്ങളാണ് ഓരോ സദസിലേക്കുമെത്തിയത്. ഓരോ നിയോജക മണ്ഡലങ്ങളിലും ഏറ്റവും വിസ്തൃതിയേറിയ മൈതാനങ്ങളിലാണു സദസുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ അവയെല്ലാം നിറഞ്ഞു കവിയുന്നത്ര ജനപങ്കാളിത്തമുണ്ടായി. നവകേരള സദസിനു ലഭിച്ച വന്‍ ജനസ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്. നാടിന്റെ വികസനവും പുരോഗതിയും ആവശ്യമാണെന്ന ജനങ്ങളുടെ പൊതുതാത്പര്യമാണ് നവകേരള സദസ് തെളിയിച്ചത്. എല്ലാത്തരത്തിലും ആരോഗ്യകരമായാണ് ഈ പരിപാടി കടന്നുപോയതെന്നും പ്രഭാത സദസിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ തിരുവനന്തപുരത്തു നടന്ന പ്രഭാത യോഗത്തിലും ഉയര്‍ന്നു. മദ്യത്തിനും മയക്കു മരുന്നിനുമെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്ത നങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടു പോകുമെന്നു മയക്കു മരുന്ന് മാഫിയയ്ക്കെതിരായ നടപടികള്‍ ശക്തമാക്ക ണമെന്ന ആവശ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചെറിയ കുട്ടികള്‍പോലും മയക്കുമരുന്നു മാഫിയയുടെ പിടിയില്‍പ്പെടുന്ന സാഹചര്യമുണ്ട്.

സമൂഹത്തില്‍നിന്ന് ഇതിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു വിപുലമായ ക്യാംപെയിന്‍ സര്‍ക്കാര്‍ നടത്തിയത്.

മയക്കുമരുന്നിനെതിരായ പൊതുബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമായി തുടരും. ഇത്തരം മാഫിയകള്‍ക്കെതിരേ ഒരു ദാക്ഷിണ്യവമില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുസമൂഹം ഗൗരവമായി കാണണം. ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ ആലോചനകളിലൂടെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇതു കൂടുതല്‍ ശക്തമായി തുടരും. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെയാണു സംസ്ഥാനം കാണുന്നതെന്നും ഇതിനായുള്ള പഠനങ്ങള്‍ക്കായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കുറേക്കൂടി വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതു വിപുലപ്പെടുത്തുന്നകാര്യം പരിഗണിക്കും.

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ വരുമ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ക്കാനുള്ള പ്രവണതയുണ്ടാകുന്നുണ്ട്. ഇവിടെ വേണ്ട, മറ്റൊരിടത്ത് ആകാം എന്നതാണ് പലപ്പോഴും സമീപനമായി വരുന്നത്. ഇത് മാറ്റണമെന്നും മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ആവശ്യമാണെന്ന പൊതുബോധം എല്ലാവരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക മേഖലയില്‍നിന്നു സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു തുടര്‍ന്നു കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു തടസമുണ്ടെന്ന വിഷയം പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ വിപുലമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കേരള സര്‍വകലാശാല നാക് എ++ ഗ്രേഡ് നേടിയതും മറ്റു സര്‍വകലാശാലകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ചലച്ചിത്ര ആസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പൂര്‍ണ പിന്തുണ നല്‍കും.

കേരളത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി കേരളീയം പരിപാടിയിലും നവകേരള സദസിലുമായി ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു നടപ്പാക്കാന്‍ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഐടി മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നേട്ടങ്ങളില്‍ പടിപടിയായ വര്‍ധനവുണ്ടാകു മെന്നും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയോടെ നടപ്പാക്കുമെന്നും പറഞ്ഞു.

നടന്‍ ഇന്ദ്രന്‍സ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, പത്മശ്രീ ഡോ. ജി. ശങ്കര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡ് അംഗം ശ്യാമ എസ്. പ്രഭ, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ. രാജ്മോഹന്‍, ബോക്സിങ് താരം ലേഖ, വെട്ടുകാട് പള്ളി വികാരി ഫാ. എഡിസണ്‍, സംവിധായകന്‍ ഷാജി എന്‍. കരുണ്‍, നടന്‍ കരമന സുധീര്‍, നര്‍ത്തകി താര കല്യാണ്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, കവി ഗിരീഷ് പുലിയൂര്‍, പ്രതിധ്വനി പ്രതിനിധി രാജീവ് കൃഷ്ണന്‍, സംവിധായകന്‍ രാജസേനന്‍, ഓമനക്കുട്ടി ടീച്ചര്‍, ദീപു രവി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള നിരവധി പേര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ഡോ. ആര്‍. ബിന്ദു. എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, എ.കെ. ശശീന്ദ്രന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, എംപിമാരായ ബിനോയ് വിശ്വം, എ.എ. റഹീം, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവരും പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY