നവകേരള നിര്‍മിതി: പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചു

81

കാസറകോട് : റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ധനസഹായം ഉപയോഗിച്ച് ജില്ലയില്‍ അടിയന്തിരമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അടങ്കല്‍ തുക രണ്ട് കോടി രൂപയില്‍ കൂടിയ സംയുക്ത-സംയോജിത പദ്ധതികളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചു. പങ്കാളിത്തം വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിശദാംശം സഹിതം നേരത്തേ സംസ്ഥാന ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ചവയില്‍ നിന്നും രണ്ട് പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കാന്‍ ജില്ലാ ആസൂ ത്രണ സമിതി യോഗം തീരുമാനിച്ചു. ഇതുപ്രകാരം പള്ളങ്കോട് പയസ്വിനി പുഴയില്‍ ചെക്ക് ഡാമും നീലേശ്വരം പണക്കാപ്പുഴയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും.

356 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പയസ്വിനി ചെക്ക്ഡാമിന് ദേലമ്പാടി പഞ്ചായത്ത് 26 ലക്ഷവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷവും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരം 300 ലക്ഷവുമാണ് വകയിരുത്തുക. പണക്കാപ്പുഴ പുനരുദ്ധാരണത്തിന് പടന്ന, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വീതവും, നീലേശ്വരം ബ്ലോക്ക് 12 ലക്ഷവും, റീബില്‍ഡ് കേരള 225.50 ലക്ഷം രൂപയും വകയിരുത്തും. യോഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 1513.78 ലക്ഷം രൂപയുടെ 87 ഭേദഗതി പദ്ധതികള്‍ക്കും 438.86 ലക്ഷം രൂപയുടെ 106 പുതിയ പദ്ധതികള്‍ക്കുമാണ് അംഗീകാരം നല്‍കിയത്.

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫരീദ സക്കീര്‍ അഹമ്മദ്, ഷാനവാസ് പാദൂര്‍, അലി ഹര്‍ഷാദ് വോര്‍ക്കാടി, എം നാരായണന്‍, പി വി പത്മജ, പുഷ്പ അമേക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ബി അനില്‍കുമാര്‍, ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS