ന്യൂയോര്‍ക്ക്: ഉറി ഭീകരാക്രമണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് നവാസ് ഷെരീഫ് മാധ്യമങ്ങളെ ഒഴിവാക്കിയത്. നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
പാക് മുദ്രയുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ഉറി സൈനിക താവളത്തില്‍ ആക്രമണത്തിന് എത്തിയതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.പാകിസ്താന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറാനും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വിഷയം ഉന്നയിക്കാനും ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്.അതിനിടെ, യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ നവാസ് ഷെരീഫ് കശ്മീര്‍ വിഷയത്തില്‍ പിന്തുണതേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി.