ഇന്ത്യയുമായി കശ്മീര്‍ വിഷയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയാറാണെന്ന് നവാസ് ഷെരീഫ്

174

ഇസ്‍ലാമാബാദ് • ഇന്ത്യയുമായി കശ്മീര്‍ വിഷയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം കശ്മീര്‍ വിഷയം ആണ്. നിലവിലുള്ള പ്രശ്നങ്ങളില്‍ പാക്കിസ്ഥാന്‍ നിരവധി തവണ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതാണ്. പക്ഷെ, ഇന്ത്യ സഹകരിക്കുന്നില്ലെന്നും ഷെരീഫ് കുറ്റപ്പെടുത്തി.
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇന്ത്യ ഗൗരവമായി ഇടപെടണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. യുഎന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഗൗരവമായി ഇടപെടണം. സമാധാനപരമായി കശ്മീര്‍ പ്രശ്നം പരിഹരിക്കാനാണ് പാക്കിസ്ഥാന്റെ താല്‍പര്യമെന്നും ഷെരീഫ് പറഞ്ഞു.
ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണവും പാക്ക് പ്രധാനമന്ത്രി തള്ളി. സംഭവമുണ്ടായി ആറുമണിക്കൂറിനുള്ളില്‍ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയായിരുന്നു. നിയന്ത്രണരേഖവഴി നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്നും നവാസ് ഷെരീഫ് അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് ഉറിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം ഉണ്ടായത്. ഇതിനു പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു. തൊട്ടുപിന്നാലെ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാടുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു. നിരവധി ഭീകരരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY