ന്യൂയോര്‍ക്ക് • ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനു മുന്നോടിയായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫുമായി ഫോണില്‍ സംസാരിച്ചു. കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചും പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.ഐക്യരാഷ്ട്ര സംഘടനയില്‍ നവാസ് ഷെരീഫ് കശ്മീര്‍ വിഷയം ഉന്നയിച്ചേക്കുമെന്നാണു സൂചന. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും പെല്ലറ്റ് തോക്ക് പ്രയോഗത്തെക്കുറിച്ചും പാക്ക് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചേക്കും.അതേസമയം, കശ്മീര്‍ വിഷയം ഉന്നയിക്കാനുള്ള നവാസ് ഷെരീഫിന്റെ നീക്കത്തിന് ഉറി ഭീകരാക്രമണം തിരിച്ചടിയായിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ നയതന്ത്രപരമായി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ആയുധമായി ഉറി ഭീകരാക്രമണത്തെ ഇന്ത്യ ഉപയോഗിച്ചേക്കുമെന്നും പാക്കിസ്ഥാന്‍ ഭയപ്പെടുന്നുണ്ട്.മാത്രമല്ല, യുഎന്‍ പൊതുസഭയിലെ തന്റെ ആമുഖ പ്രസംഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ത്യ-പാക്ക് സംഘര്‍ഷത്തെക്കുറിച്ചു പരാമര്‍ശിക്കാന്‍ വിസമ്മതിച്ചതും പാക്കിസ്ഥാനു കനത്ത ആഘാതമായി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓരോ നീക്കത്തെയും പാക്കിസ്ഥാന്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും ശക്തമായി തിരിച്ചടി നല്‍കുമെന്നാണ് പാക്കിസ്ഥാന്റെ ഭാഷ്യം.