നവരാത്രി മഹോത്സവം ; ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി

28

നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ അറിയിച്ചു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 30ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികളിൽ ഉടവാൾ കൈമാറ്റം നടക്കും. തുടർന്ന് ഘോഷയാത്രയായി വിഗ്രഹങ്ങളും ഉടവാളും തിരുവനന്തപുരത്തേക്ക് തിരിക്കും. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രണ്ടാം ദിനം 12 മണിയോടെ കളിയിക്കാവിളയിലെത്തും. ഇവിടെ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തമിഴ്നാട്, കേരള പോലീസ് ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര കടന്നു വരുന്ന വഴികളിൽ ട്രാഫിക്ക് ക്രമീകരണം പൊലീസ് ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി ആവശ്യമായ വെള്ളം ഓരോ സ്ഥലത്തും എത്തിക്കും. എം. എൽ. എമാരുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേരുമെന്ന് മന്ത്രി അറിയിച്ചു. ചിട്ടയോടെ, ആചാരം പാലിച്ച് ചടങ്ങുകൾ നടത്തണം. ഘോഷയാത്രയുടെ സമയക്രമം കൃത്യമായി പാലിക്കണം. ഇതിന്റെ പേരിൽ ചിലർ നടത്തുന്ന അനധികൃത പിരിവ് ഒഴിവാക്കണം. നവരാത്രി മഹോത്സവം വിജയകരമായി നടത്തുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യോഗത്തിൽ സംബന്ധിച്ചു. ദേവസ്വം സെക്രട്ടറി ടി. വി. അനുപമ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങൾ, പോലീസ്, മറ്റു വകുപ്പ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ, തമിഴ്നാട് ഉദ്യോഗസ്ഥർ, നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

NO COMMENTS

LEAVE A REPLY