ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണ പ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പി ക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 15,000ത്തോളം വരുന്ന കേഡറ്റുകൾക്ക് സ്ഥിരമായ പരിശീലനകേന്ദ്രം ഇല്ലാത്തിന്റെ കുറവാണ് കേന്ദ്രം വരുന്നതോടെ അവസാനിക്കുകയെന്നു മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂൾ, കോളജുകളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നിലവിൽ കേഡറ്റുകൾ പരിശീലനം നേടുന്നത്. മെച്ചപ്പെട്ട പരിശീലനം നമ്മുടെ കുട്ടികളെ കൂടുതൽ ഉയരങ്ങളിലെത്തിക്കും, അത് സംസ്ഥാനത്തിന് അഭിമാനനേട്ടങ്ങൾ സമ്മാനിക്കും.
സാധാരണ, ദുരന്തവേളകളിൽ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ പതിവ്. ഭക്ഷണം പാകം ചെയ്യാനോ മതിയായ ടോയിലറ്റ് ആവശ്യങ്ങൾക്കോ ഇവിടങ്ങളിൽ സൗകര്യമുണ്ടാകാറില്ല. ഈ കുറവുകളില്ലാതെ ദുരിതഘട്ടങ്ങളിൽ നാടിനു താങ്ങാവുംവിധമാണ് കേന്ദ്രം സജ്ജമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കേഡറ്റുകൾക്കു പുറമെ, കാശ്മീർ മുതൽ കന്യാകുമാരി വരെനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റു കൾക്കും പരിശീലനം നൽകാനാണ് കേന്ദ്രം. പ്രതിരോധസേനാ വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനത്തിന് പുറമെ, ഫയറിംഗ്, ഒബ്സ്റ്റക്കിൾ കോഴ്സ്, മലകയറ്റം, തുടങ്ങിയവയിലുള്ള പരിശീലനവും നൽകാൻ കഴിയുംവിധമാണ് കേന്ദ്രം ഒരുങ്ങുക – മന്ത്രി ബിന്ദു പറഞ്ഞു.
ജില്ലയിലെ കേഡറ്റുകളുടെ ദീർഘകാലസ്വപ്നമായ പരിശീലനകേന്ദ്രത്തിന് സർക്കാർ അനുവദിച്ച കല്ലറയിലെ മൂന്നര ഏക്കർ ഭൂമിയിലാണ് നിർമ്മാണം ആരംഭിക്കുന്നത്. പരിശീലനകേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ 5.05 ഏക്കർ ഭൂമി കൂടി അനുവദിക്കാനുള്ള സർക്കാർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഹെലിപ്പാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടിന്റെ നിർമ്മാണോ ദ്ഘാടനത്തോടെയാണ് കേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തികൾക്ക് മെയ് 17ന് വൈകീട്ട് നാലുമണിക്ക് തുടക്കമാവുക. അഡ്വ. ഡി കെ മുരളി എം എൽ എയുടെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. എംപിമാരായ അടൂർ പ്രകാശ്, എ എ റഹീം എന്നിവർ മുഖ്യാതിഥികളായിരിക്കും.
മലബാർ മേഖലയിലെ കേഡറ്റുകളുടെ ചിരകാലസ്വപ്നമായ പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തി മലപ്പുറം തേഞ്ഞിപ്പാലത്ത് പൂർത്തീകരിച്ചു വരികയാണ്. എത്രയും വേഗം ഇതിന്റെ പ്രവർത്തനം ആരംഭിക്കും – മന്ത്രി ബിന്ദു അറിയിച്ചു.