പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. മാര്‍ച്ച് 28നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതായിരുന്നു കേസ്. കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസില്‍ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.